Sunday, December 17, 2006

കുട്ടപ്പന്‍ വിചാരങ്ങള്‍ (ഭാഗം 1)

ആഹാ..എന്താ സുഖം........ ഇങ്ങനെ നീീണ്ടു നിവര്‍ന്നു കിടക്കാന്‍. പ്രമേഹത്തിന്റെ കൊതിക്കെറുവില്ല..വാതത്തിന്റെ തിണ്ണമടുപ്പും.. വാഴയിലയിലെ കിടപ്പാണു വശപിശക്‌. എങ്കിലും തെക്കെതളത്തിലെ തേക്കു കട്ടില്‍ ഒഴിയാനായതു തന്നെ ആശ്വാസം. ഛേ, ഇതാരാ അലറികരയുന്നത്‌? ജാനുവാ അതിശയമില്ല.. നാലാളു കൂടുന്നടുത്തു എങ്ങിനേ സ്വയം ഉറപ്പിക്കണമെന്നതു അവള്‍ക്കു ആരും പറഞ്ഞു കൊടുക്കെണ്ടല്ലൊ. കരച്ചിലിലുള്ള തലമുറ കിട മല്‍സരം രസമാ.. പഴയ പോരാളികള്‍ നെഞ്ചത്തടിയും നിലത്തു കിടന്നുരുളലും. ഇടക്കാലത്തു രംഗത്തിറങ്ങിയവര്‍ പതം പറച്ചിലും മൂക്കു ചീറ്റലും. പുതിയ തലമുറ കണ്ണീരൊപ്പലും ഗദ്ഗദവുമായി നിശബ്ദ പോരാട്ടവും..

മടുത്തു. സ്വന്തം മരണമാണേലും കണ്ടോണ്ടിരിക്കാന്‍ കുറച്ചു ചേതമുണ്ടേ.. സമയം കളയാണ്ടു ഊര്‍ന്നു പുറത്തെക്കിറങ്ങി.വന്നു കൂടിയ മാന്യന്മാര്‍ക്കിടയില്‍ കടന്നു കൂടാന്നൊര്‍ത്തതാ.. പറഞ്ഞിട്ടെന്താ. അവര്‍ക്കു പറയാനുള്ളതു കുട്ടപ്പനായ ഞാന്‍ പോലും അറിഞ്ഞിട്ടില്ലാത്ത കുട്ടപ്പന്‍ പുരാണങ്ങള്‍. എന്റെ ദാനശീലത്തെ കുറിച്ചൊക്കെ സംസാരിക്കുന്നത്‌ കേട്ടപ്പോള്‍ ചൂളിപോയി. തിരിഞ്ഞു നോക്കിയപ്പൊള്‍ അന്തിച്ചു പോയി. ഈ പറമ്പ്‌ ഇത്ര ചന്തമൊ? കണ്ണുള്ളപ്പൊ കണ്ണിന്റെ വില അറിയില്ലാന്നു പറയണതു അച്ചട്ടാ. പണ്ടു അച്ഛന്റെ കൈയ്യും പിടിച്ചു നടന്ന വഴികള്‍. പിന്നെ .. ഓാ.. അച്ഛനെ ഒാര്‍ക്കാതിരിക്കുന്നതാ നല്ലത്‌.. ഒന്നും കൂടി ചാകാന്‍ വയ്യ..

മരിക്കുന്നതിനു തൊട്ടു മുന്‍പ്‌ അതു വരെ നടന്നതായ എല്ലാം മനസ്സില്‍ സിനിമായിലെ ഫ്ലാഷ്ബാക്ക്‌ ആയി തെളിഞ്ഞു വരുമെന്നാ പഴം പറച്ചില്‍. അപ്പൊ ആ ബുദ്ധി പോയില്ല. തെക്കെലെ ദാക്ഷായണി തരാനുള്ള 250 ഉറുപ്പികയില്‍ മനം കൊളുത്തി പോയി. അവിടെ ചിന്തകള്‍ സഡന്‍ ബ്രെക്കിട്ടു ഉരഞ്ഞു നിന്നു. പിന്നെ അവസാന കിതപ്പെ ഓര്‍മയുള്ളൂ.. ഇളയ മരുമോള്‍ വലിച്ചു നീട്ടി വിസ്തരിക്കുന്നതു പോലേ "ഡപ്പേ.. ഡും" എന്ന മട്ടിലെ സുഖ(?) മരണം. അപ്പന്റെ നാട്ടിലെ നിലയും വിലയും കളഞ്ഞു കുളിച്ചു കോളേജ്‌ പഠിത്തതിനാന്നും പറഞ്ഞു നാട്‌ തെണ്ടി നടന്നു അവസാനം ഒരു അന്തവും കുന്തവും ഇല്ലാതെ ഗള്‍ഫില്‍ പോയി പച്ച പിടിച്ച ഇളയ മോനോടു ആദ്യമായി സ്നേഹം തോന്നിപോയി. പണ്ട്‌ ആദ്യമായി അവന്‍ ഗള്‍ഫില്‍ നിന്നു വന്നപ്പൊ കൊണ്ടു വന്നത്‌ ഒരു അഴകൊഴഞ്ചന്‍ കംബിളിയാ.. വേലക്കാരി സിസിലികുട്ടിക്കു വരെ കിട്ടി സെന്റും ഫോറിന്‍ തുണിയും.. "ഫ്ഹാ..." പറമ്പിലേക്കു നീട്ടി തുപ്പി. ഒന്നു സംഭവിച്ചില്ല.. ശ്ശൊ.. മരിച്ചവരെങ്ങിനെയാ തുപ്പുന്നെ? ..ആാാ.. പറഞ്ഞു വന്നതു അവന്‍ ഇപ്പൊ കാട്ടിയ സന്മനസിനെ കുറിച്ചാ.. അവന്‍ വരുമ്പൊ നേരം മോന്തിയാകുമത്രെ.. അതു കഴിഞ്ഞെ ഉണ്ടാകൂ, ദഹിപ്പികലും ക്രിയകളും.. അതു വരെ ഇവിടെയൊക്കെ ചുറ്റിപറ്റി നിക്കാം.. ഇനി തിരിച്ചു വരാനാകാത്ത വഴികളല്ലേ.. ഒന്നു കറങ്ങിയേച്ചും വരാം..

(കുട്ടപ്പന്‍ എവിടെയെത്തും..? എന്തു സംഭവിക്കും കുട്ടപ്പന്‌..? തുടര്‍ന്നേക്കും..)

4 comments:

Unknown said...

കത്രീനേ, ഇത്രേം നല്ല പോസ്റ്റിനും എന്താ ഒരു കമന്റ് പോലും ഇല്യാത്തത്?
സെറ്റിങ്ങ്സ് ശരിയല്ലേ?
പിന്നെ താങ്കളും ടെക്നോപാര്‍ക്കിലാണെന്നറിഞ്ഞു.. ഒരു കത്തയക്കൂ...വിലാസം അറിയാമല്ലോ അല്ലേ ഇല്ലേല്‍ ദാ.. nishad.me@gmail.com

തുടര്‍ന്നും എഴുതൂ...ആശംസകള്‍

Siju | സിജു said...

കത്രീനേ..
ഇങ്ങനെയൊരു പോസ്റ്റിട്ടിട്ട് ആരേയും അറിയിക്കാഞ്ഞത് ശരിയായില്ല
കുട്ടപ്പനെ ദഹിപ്പിച്ചോ.. അതോ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചോ..

സു.പുത്രാ..
കത്രീന പൊങ്കാലയിടാന്‍ പോയി

sandoz said...

എന്തരു പിള്ളേ നീ ഒന്നറിയിക്കഞ്ഞത്‌....ചെല്ലാ...നീ നല്ല ആകാംഷ മുറ്റിക്കണ കീറല്ലേ കീറിയേക്കണത്‌......

നവരുചിയന്‍ said...

പാവം കുട്ടപ്പന്‍ . അങ്ങേരു കറങ്ങി നടന്നു നടന്നു ... വല്ല കുഴിലും വീണു മരിക്കും ..... അതിലും നല്ലത് അങ്ങേരെ അങ്ങ് കൊല്ലുന്നത് അല്ലെ നല്ലത് . അതോ കുട്ടപ്പന്‍ ചേട്ടനോട് തുങ്ങി ചാകാന്‍ പറയണോ ? അല്ല അപ്പൊ ആരാ മരിച്ചേ ??